National
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ഇന്ത്യ (എഐസി 114) വിമാനമാണ് സൗദിയിലെ റിയാദിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്.
ശുചിമുറിയിലെ ടിഷ്യു പേപ്പറില്‍ നിന്നാണ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത്. ഇതോടെ, വിമാനം അടിയന്തരമായി നിലത്തിറക്കുകയും യാത്രക്കാരെ വിമാനത്താവളത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. ലഗേജുകള്‍ പോലു എടുക്കാന്‍ ആരെയും അനുവദിച്ചില്ല.
തുടർന്ന് പരിശോധനകള്‍ക്കുശേഷം എത്രയും വേഗം വിമാനം പുറപ്പെടുമെന്ന് യാത്രക്കാരെ വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Business
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വിമാനജീവനക്കാർക്കുള്ള ഡ്യൂട്ടി സമയപരിധിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എയർ ഇന്ത്യക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ. നിലവിൽ ഒരു ദിവസം പത്തു മണിക്കൂറാണ് വിമാന ജീവനക്കാർക്ക് അനുവദിക്കാവുന്ന പരമാവധി യാത്രാസമയമായി നിർദേശിച്ചിട്ടുള്ളത്. എന്നാൽ ഈ സമയപരിധി എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ മറികടന്നുവെന്ന് കണ്ടെത്തിയാണ് എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജർക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മേയ് 16നും 17നും എയർ ഇന്ത്യയുടെ ബംഗളൂരു-ലണ്ടൻ വിമാനത്തിലെ ജീവനക്കാർക്ക് എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജർ പത്തു മണിക്കൂറിലേറെ ഡ്യൂട്ടിസമയം നൽകിയെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി. സമയപരിധി ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാൻ ഏഴു ദിവസത്തിനകം ഉദ്യോഗസ്ഥൻ മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു.
National
ന്യൂഡൽഹി: ഇന്നുമുതൽ ജൂലൈ 15 വരെ 38 അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശ സർവീസുകൾ നിർത്തിവയ്ക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. വൈഡ് ബോഡി അന്താരാഷ്ട്ര വിമാനസർവീസുകൾ 15 ശതമാനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണിത്.
ഡൽഹി - നയ്റോബി റൂട്ടിലെ നാല് സർവീസുകളും അമൃത്സർ - ലണ്ടൻ, ഗോവ - ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളുമാണ് അടുത്തമാസം 15 വരെ താത്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തീരുമാനിച്ചത്.
ഇതിനുപുറമെ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, കിഴക്കൻ ഏഷ്യ തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയിൽനിന്നു പുറപ്പെടുന്നതും തിരിച്ച് ഇന്ത്യയിലേക്ക് എത്തുന്നതുമായ 38 സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു.
ഇറാൻ - ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തി അടച്ചതിനാൽ അധികനേരം പറക്കൽ ആവശ്യമായി വരുന്നതിനാലും എയർ ഇന്ത്യ വിമാനങ്ങളിൽ സുരക്ഷാപരിശോധനകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലുമാണ് ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്നാണു കമ്പനിയുടെ വിശദീകരണം.
യാത്ര മറ്റൊരു ദിവസത്തേക്കു പുനഃക്രമീകരിക്കുകയോ പൂർണ റീഫണ്ട് ആവശ്യപ്പെടുകയോ ചെയ്യാമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം ആഭ്യന്തര വിമാനസർവീസുകളും കാര്യമായ പ്രതിസന്ധി നേരിടുകയാണ്. നിരവധി വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതുംമൂലം യാത്രക്കാർ ദുരിതത്തിലാണ്.
ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് ഈ പ്രശ്നം കൂടുതലായി ബാധിച്ചത്. ഇന്നലെ പൂനയിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കിയതായും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും എയർ ഇന്ത്യ അറിയിച്ചു
National
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത നായരുടെ ഡിഎൻഎ പരിശോധന ഇതുവരെ പൂർത്തിയായില്ല. ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ഇതുവരെ 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘ്വി പറഞ്ഞു. 124 പേരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞു. 83 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകിയെന്നും സംഘ്വി അറിയിച്ചു. ഗാന്ധിനഗറിലെ ഫോറൻസിക് സയൻസ് ലബോറട്ടറി സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്.
National
കോൽക്കത്ത: എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സാങ്കേതിക തകരാർ. ഇന്നു പുലർച്ചെയായിരുന്നു സംഭവം. സാൻഫ്രാൻസിസ്കോയിൽ നിന്ന് കോൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് തകരാർ സംഭവിച്ചത്.
ഇതേത്തുടർന്ന്, കോൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി വിമാനം പരിശോധിച്ചു. വിമാനത്തിന്റെ ഇടതു വശത്തെ എൻജിനിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു. കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽ സാങ്കേതിക തകരാർ സംശയിച്ച് തിരിച്ചിറക്കിയിരുന്നു.
National
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 294 മരണങ്ങൾ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക വിവരം. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചതിനു പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ അഞ്ചു മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 12 വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണു റിപ്പോർട്ടുകൾ. ഇവര്‍ അഹമ്മദാബാദില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. കൂടുതൽ പ്രദേശവാസികളെ കാണാനില്ലെന്നാണ് അവരുടെ ബന്ധുക്കൾ അറിയിക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം കൈമാറുന്നതിനുള്ള നടപടികൾ തുടരുകയാണ്. ആറ് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞതിനാൽ അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചശേഷമേ വിട്ടുകൊടുക്കൂ. ബിജെ മെഡിക്കൽ കോളജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണം നടക്കുന്നത്. ഗാന്ധിനഗർ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന.
ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിലയിരുത്തി. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.
അതിനിടെ, വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത്. ഇത് ഫോറൻസിക് ലാബിന് കൈമാറും.
വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. മുന്‍ഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചില്‍ തുടരുകയാണ്. അപകടകാരണം അറിയുന്നതിൽ നിർണായകമാണു ബ്ലാക്ക് ബോക്സ്. അപകടം നടന്ന് ഒന്‍പതു മണിക്കൂറിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38നാണ് എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീണു കത്തി. രണ്ട് പൈലറ്റുമാരും പത്ത് കാബിന് ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 169 പേര് ഇന്ത്യക്കാരും 53 പേര് ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയന്‍ പൗരനുമാണ്.
യാത്രക്കാരിൽ 11 കുട്ടികളും രണ്ടു കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാര്‍ രമേഷ് അദ്ഭുതകരമായി രക്ഷപ്പെട്ടു. എജർജൻസി എക്സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്.
ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു മലയാളിയും മരിച്ചു. യുകെയിൽ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായരാണു മരിച്ച മലയാളി.
Kerala
പത്തനംതിട്ട: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കു ശേഷം നാട്ടിലെത്തിക്കും.
വിദേശത്തുള്ള രഞ്ജിതയുടെ സഹോദരൻ രതീഷ് ഇന്ന് പുല്ലാട്ടെ വീട്ടിലെത്തും. തുടർന്ന് തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ കൈപ്പറ്റിയശേഷം മറ്റൊരു സഹോദരനായ രഞ്ജിത്തിനൊപ്പം അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും.
പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവ് കൊഞ്ഞോൺ കുടുംബാംഗവും ലണ്ടനില്‍ നഴ്സുമായ രഞ്ജിത ജി. നായർ (38) നാട്ടില്‍ വന്ന് തിരികെ മടങ്ങവേയാണ് ദുരന്തം. ബുധനാഴ്ച വൈകുന്നേരം നെടുന്പാശേരിയിലെത്തി അവിടെനിന്ന് ചെന്നൈ വഴിയാണ് രഞ്ജിത അഹമ്മദാബാദിലെത്തിയത്.
നേരത്തെ ഗൾഫ് രാജ്യങ്ങളിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഒരു വർഷം മുമ്പാണ് ലണ്ടനിലേക്ക് ജോലിക്കായി പോയത്. രണ്ട് മക്കളാണുള്ളത്. മൂത്ത മകൻ ഇന്ദുചൂഡൻ പുല്ലാട് എസ്വി ഹൈസ്കൂളിൽ പത്താം ക്ലാസിലും മകൾ ഇന്ദിത ഇരവിപേരൂർ ഒഇഎം സ്കൂളിൽ ഏഴാം ക്ലാസിലും പഠിക്കുന്നു.